ഗസ്സാ യുദ്ധം രണ്ട് വർഷം: മലയാളി പ്രവാസി നേതാവും പൗരപ്രമുഖനുമായ എം. എ. ഖാലിദ് ബന്ദിയോടും സംഘാടക സമിതിയിൽ – “കരബ് ഫലസ്തീൻ” കവിസമ്മേളനം ഒക്ടോബർ 4ന് ബൈഗളിൽ
മുംബൈ
ബൈഗൾ: ഗസ്സയിൽ ഇസ്രായേൽ അതിക്രമം ആരംഭിച്ച് രണ്ട് വർഷം പൂർത്തിയാകുന്ന അവസരത്തിൽ ഫലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യമായി “കരബ് ഫലസ്തീൻ” എന്ന തലക്കെട്ടിൽ കവിസമ്മേളനം ബൈഗളിൽ സംഘടിപ്പിക്കുന്നു. ഒക്ടോബർ 4 ശനിയാഴ്ച വൈകിട്ട് “റിബേ ഖ്വാം ഖിലാഫത് ഹൗസ്” വേദിയാകും.
ഇന്ത്യ ഫലസ്തീൻ സോളിഡാരിറ്റി ഫോറം, ഇന്ത്യ ഖിലാഫത് കമ്മിറ്റി, വിവിധ സാമൂഹിക-സാംസ്കാരിക സംഘടനകൾ എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ കവിസമ്മേളനത്തിൽ ഉർദു, ഹിന്ദി ഭാഷകളിലെ പ്രമുഖ കവികളും സാഹിത്യകാരന്മാരും പങ്കെടുക്കും. ഫലസ്തീൻ ജനത നേരിടുന്ന ക്രൂര യാഥാർത്ഥ്യങ്ങൾക്കെതിരെ കവിതയും വാക്കും വഴി ശബ്ദമുയർത്തുന്നതിനാണ് ഈ പരിപാടിയുടെ ലക്ഷ്യം.
പരിപാടിയിൽ മുൻ എം.എൽ.എയും മുതിർന്ന പത്രപ്രവർത്തകനുമായ ഹാജി മർറാഖി അധ്യക്ഷത വഹിക്കും. പ്രമുഖ പാർലമെന്റേറിയനും സാമൂഹിക പ്രവർത്തകനുമായ സാഗർ പട്ടാഖി മുഖ്യാതിഥിയാകും. നിരവധി പ്രശസ്ത കവികൾ തങ്ങളുടെ രചനകളിലൂടെ വേദിയെ സമ്പുഷ്ടമാക്കുമെന്ന് സംഘാടകർ അറിയിച്ചു.
സംഘാടക സമിതിയിൽ നസീം സിദ്ദീഖ്, മർറാഖ് ആരസൂ, മലയാളി പ്രവാസി നേതാവും പൗരപ്രമുഖനുമായ എം. എ. ഖാലിദ് ബന്ദിയോട്, നിസാമുദ്ധീൻ റാഹീൻ, ഫരീദ് ഖാൻ എന്നിവർ ഉൾപ്പെടുന്നു. പരിപാടിയിൽ കൂടുതൽ ആളുകൾ പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.