Voice of Manjeswar

ടോൾ പ്ലാസ വിഷയത്തിൽ ബിജെപിയുടെ നിലപാട് വ്യക്തം; കള്ളപ്രചരണം അവസാനിപ്പിക്കണം: എം.എൽ. അശ്വിനി




—



കുമ്പള: കുമ്പള അരിക്കാടിയിൽ ദേശീയപാത അതോറിറ്റി നിർമിച്ച ടോൾ പ്ലാസ വിഷയത്തിൽ ബിജെപിയുടെ നിലപാട് വ്യക്തവും സുതാര്യവുമാണെന്നും, ഈ വിഷയത്തിൽ ബിജെപിക്കെതിരെ കള്ളപ്രചരണം നടത്തുന്നത് രാഷ്ട്രീയ ദുഷ്പ്രചരണത്തിന്റെ ഭാഗമാണെന്നും ബിജെപി ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനി ആരോപിച്ചു.

തലപ്പാടിയിലെ ടോൾ പ്ലാസയിൽ നിന്നുള്ള നിശ്ചിത ദൂരപരിധിക്കുള്ളിൽ മറ്റൊരു ടോൾ പ്ലാസ സ്ഥാപിക്കുന്നതിനെ ബിജെപി ഒരിക്കലും അംഗീകരിക്കില്ലെന്ന് അശ്വിനി വ്യക്തമാക്കി. ഇതുസംബന്ധിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിക്ക് ബിജെപി നേരിട്ട് പരാതി നൽകിയിട്ടുണ്ടെന്നും അശ്വിനി പറഞ്ഞു.

മഞ്ചേശ്വരത്ത് ഇൻഡി മുന്നണി നടത്തുന്ന പ്രതിഷേധങ്ങൾ രാഷ്ട്രീയ നാടകമാണെന്നും, ദേശീയപാത നിർമാണ ഘട്ടത്തിൽ ആവശ്യമായ ഇടപെടലുകൾ നടത്തി പരാജയപ്പെട്ടതിന്റെ ജാള്യത മറയ്ക്കാനാണ് മഞ്ചേശ്വരം എംഎൽഎ എ.കെ.എം. അഷ്‌റഫ് ഇപ്പോൾ ബിജെപിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അശ്വിനി വിമർശിച്ചു.

മണ്ഡലത്തിലെ പല പ്രധാന കേന്ദ്രങ്ങളിലും ഫുട് ഓവർ ബ്രിഡ്ജുകളും അണ്ടർപാസുകളും അനുവദിക്കപ്പെടാതിരുന്നത് എംഎൽഎയുടെ ഭരണപരമായ വീഴ്ചയാണെന്നും, ഈ പരാജയം മറച്ചുവെക്കാനാണ് ബിജെപിയെ ലക്ഷ്യമിട്ട് കള്ളപ്രചരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചെർക്കള മുതൽ നീലേശ്വരം വരെയുള്ള രണ്ടാം റീച്ചിൽ സ്ഥാപിക്കേണ്ടിയിരുന്ന ടോൾ പ്ലാസ കരാർ കമ്പനിയുടെ മെല്ലെപോക്ക് മൂലമാണ് അരിക്കാടിയിൽ സ്ഥാപിക്കേണ്ടി വന്നതെന്നും, ഈ അനീതിക്കെതിരെ ബിജെപി ശക്തമായ ജനകീയ സമരങ്ങൾ സംഘടിപ്പിക്കുമെന്നും അശ്വിനി അറിയിച്ചു. എന്നാൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന “കണ്ണുകെട്ട് സമരങ്ങൾക്കു” ബിജെപി തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

— വോയിസ് ഓഫ് മഞ്ചേശ്വരം

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!