Voice of Manjeswar

മുൻ ബിജെപി പ്രവർത്തകൻ നാരായണന്റെ അന്ത്യകർമം വിവാദത്തിൽ; ഇർഫാന ഇഖ്ബാലിന്റെ ഇടപെടലും ഹിന്ദു ഐക്യവേദിയുടെ ആരോപണങ്ങളും ചർച്ചയാകുന്നു



മഞ്ചേശ്വരം: മഞ്ചേശ്വരം ചിഗ്രപദവിലെ മുൻ ബിജെപി പ്രവർത്തകനായ നാരായണന്റെ മരണവും തുടർന്ന് നടന്ന അന്ത്യകർമവും ജില്ലയിലെ രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

വായിലെ കാൻസർ ബാധിച്ച് ദീർഘകാലമായി ദുരിതമനുഭവിച്ചിരുന്ന നാരായണൻ ഒറ്റപ്പെട്ട സാഹചര്യത്തിലായിരുന്നുവെന്ന് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മരണവിവരം അറിഞ്ഞതിന് പിന്നാലെ കുടുംബാംഗങ്ങളുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മൃതദേഹം ഏറ്റെടുക്കാൻ ആരും തയ്യാറായില്ലെന്ന് ജില്ലാ പഞ്ചായത്ത് അംഗം ഇർഫാന ഇഖ്ബാൽ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

“മൃതശരീരം ഏറ്റെടുക്കാൻ കുടുംബാംഗങ്ങൾ തയ്യാറാകാത്ത സാഹചര്യത്തിൽ ജില്ലാ കളക്ടറുമായും പോലീസുമായും ബന്ധപ്പെട്ടിരുന്നു. നാരായണേട്ടന്റെ ആഗ്രഹപ്രകാരം ഒരു മകളുടെ സ്ഥാനത്ത് നിന്ന് ഞാൻ തന്നെ അന്ത്യകർമം നിർവഹിക്കും” എന്നായിരുന്നു ഇർഫാന ഇഖ്ബാലിന്റെ പ്രതികരണം.

ഇർഫാന ഇഖ്ബാലിന്റെ നടപടി മനുഷ്യസ്‌നേഹത്തിന്റെ ഉദാഹരണമാണെന്ന് ഒരു വിഭാഗം വിലയിരുത്തുന്നതിനിടെ, സംഭവത്തിന്റെ അവതരണത്തിനെതിരെ ശക്തമായ വിമർശനവുമായി ഹിന്ദു ഐക്യവേദി രംഗത്തെത്തി.

ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയുടെ ഫേസ്ബുക്ക് പോസ്റ്റിൽ, അന്ത്യകർമവുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ അവകാശവാദങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. മഞ്ചേശ്വരം മേഖലയിലെ സേവാഭാരതി പ്രവർത്തകരും സ്വയംസേവകരും സംഭവത്തിൽ സജീവമായി ഇടപെട്ടിരുന്നുവെന്നും, സംസ്കാരച്ചടങ്ങിനുള്ള ചിത ഒരുക്കൽ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ സേവാഭാരതി നേതൃത്വത്തിലാണ് നടന്നതെന്നുമാണ് പോസ്റ്റിലെ പ്രധാന വാദം.

സേവാഭാരതി പ്രവർത്തകരുടെ സാന്നിധ്യവും പങ്കാളിത്തവും മറച്ചുവെച്ച് സംഭവത്തെ ഏകപക്ഷീയമായി അവതരിപ്പിക്കാൻ ശ്രമിച്ചതായും, സേവന പ്രവർത്തനങ്ങളെ രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് ശരിയല്ലെന്നുമാണ് ഹിന്ദു ഐക്യവേദിയുടെ വിമർശനം.

അതേസമയം, മത-രാഷ്ട്രീയ ഭിന്നതകൾക്ക് അതീതമായി ഒറ്റപ്പെട്ടുപോയ ഒരാളുടെ അന്ത്യകർമം നടത്താൻ മുന്നോട്ട് വന്നത് മാനുഷിക ഉത്തരവാദിത്വത്തിന്റെ ഭാഗമായിരുന്നുവെന്നാണ് ഇർഫാന ഇഖ്ബാലിനെ പിന്തുണയ്ക്കുന്നവരുടെ നിലപാട്.

സംഭവത്തെ ചുറ്റിപ്പറ്റി ഉയർന്നിരിക്കുന്ന ഈ വ്യത്യസ്ത അവകാശവാദങ്ങളും പ്രതികരണങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. മനുഷ്യസ്‌നേഹമോ, സേവന പ്രവർത്തനങ്ങളുടെ രാഷ്ട്രീയ അവതരണമോ എന്ന ചോദ്യമാണ് ഇപ്പോൾ പൊതുചർച്ച..

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!