Voice of Manjeswar

മുഖ്യമന്ത്രിയുടെ പ്രസംഗവും പ്രതിപക്ഷ നേതാവിന്റെ പ്രതികരണവും: പ്രസ്ഥാന വേദിയിലെ രാഷ്ട്രീയവത്കരണത്തിനെതിരെ വിമർശനം





മുഖ്യമന്ത്രിയുടെ പ്രസംഗത്തിൽ എടുത്ത അധിക സമയം ചിലർക്കെങ്കിലും അരോചകമായി അനുഭവപ്പെട്ടിട്ടുണ്ടാകാമെന്ന് ഇസ്‌ലാമിക പണ്ഡിതനും സാമൂഹ്യ പ്രവർത്തകനുമായ വഹാബ് സഖാഫി മമ്പാട് അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടെ പ്രസംഗത്തിനും തുടർന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നടത്തിയ പ്രതികരണത്തിനുമിടയിൽ പ്രസ്ഥാന വേദി രാഷ്ട്രീയ സംവാദമായി മാറിയതിലെ ശരികേടാണ് ഉസ്താദ് കൃത്യമായി ചൂണ്ടിക്കാട്ടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

എന്നാൽ ഇത്തരം അസുഖകരമായ സാഹചര്യങ്ങൾ മാറ്റിനിർത്തിയാൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗത്തിൽ ഉന്നയിച്ച വിഷയങ്ങൾ വസ്തുതാപരവും ചിന്തനീയവുമാണെന്നും വഹാബ് സഖാഫി അഭിപ്രായപ്പെട്ടു. മുൻകാലങ്ങളിൽ സംസ്ഥാനത്ത് നടന്ന വർഗീയ കലാപങ്ങൾ, അത്തരം സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അന്നത്തെ ഭരണകൂടങ്ങൾ നേരിട്ട പരാജയങ്ങൾ, കഴിഞ്ഞ പത്ത് വർഷമായി കേരളം അനുഭവിക്കുന്ന അപേക്ഷിക സമാധാനം എന്നിവയെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ പ്രസക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ പശ്ചാത്തലത്തിൽ മതേതരത്വം സംരക്ഷിക്കുന്നതിന്റെ പേരിൽ പ്രതിപക്ഷ നേതാവ് സ്വീകരിക്കുന്ന നിലപാടുകളിൽ ഗുരുതരമായ വൈരുദ്ധ്യങ്ങൾ ഉണ്ടെന്ന് വഹാബ് സഖാഫി വിമർശിച്ചു. ഗോളവാൾക്കറെ പൂജിച്ചതായി പറയപ്പെടുന്നവരുമായി അടുപ്പം പുലർത്തുന്നതും, മറുനാടൻ മലയാളികൾക്ക് ഇഫ്താർ നൽകുന്നതും, ജമാഅത്തെ ഇസ്‌ലാമിയെ രാഷ്ട്രീയമായി സമീപിക്കുന്നതുമെല്ലാം ഒരേസമയം നടത്തിക്കൊണ്ട് “മതേതരത്വത്തിൽ വെള്ളം ചേർക്കില്ല” എന്ന് അവകാശപ്പെടുന്നതിൽ വ്യക്തമായ വിരുദ്ധതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ പത്ത് വർഷത്തിനിടെ ഹജ്ജ്, വഖഫ് തുടങ്ങിയ മേഖലകളിലും വിവിധ സർക്കാർ സമിതികളിലും സുന്നി സമൂഹം വിവേചനം അനുഭവിച്ചിട്ടില്ലെന്നും, മുൻകാലങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ പള്ളി പൂട്ടൽ, കൊലപാതകങ്ങൾ, സംഘർഷങ്ങൾ എന്നിവയിൽ വലിയ കുറവ് ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതോടൊപ്പം സുന്നി വിഭാഗങ്ങൾക്കിടയിൽ കൂടുതൽ സൗഹൃദപരമായ അന്തരീക്ഷം രൂപപ്പെട്ടതായും വഹാബ് സഖാഫി വ്യക്തമാക്കി.

ഒരു വിഭാഗത്തെ പ്രോത്സാഹിപ്പിക്കുകയും മറ്റൊരു വിഭാഗത്തെ ശത്രുപക്ഷത്ത് നിർത്തുകയും ചെയ്തിരുന്ന മുൻ ഭരണകൂടങ്ങളിൽ നിന്ന് വ്യത്യസ്തമായി, നിലവിലെ സർക്കാരിന്റെ സമവായപരമായ സമീപനമാണ് ഈ മാറ്റങ്ങൾക്ക് കാരണമെന്ന് അദ്ദേഹം വിലയിരുത്തി.

മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെ പ്രതിപക്ഷ നേതാവ് വേദിയിൽ സംസാരിക്കുമ്പോൾ, സുന്നി സമൂഹത്തോട് മാപ്പ് പറയുന്നതിനുള്ള അവസരമായി അത് ഉപയോഗിക്കാമായിരുന്നുവെന്നും വഹാബ് സഖാഫി അഭിപ്രായപ്പെട്ടു. കഴിഞ്ഞ കാലങ്ങളിൽ സുന്നികളെ അവഗണിച്ചതിലും, കൊലപാതകികൾക്ക് കൂട്ടുനിന്നതിലും, പൊതുഇടങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമുണ്ടായ വിവേചനത്തിലും ഒരു കുറ്റബോധം പ്രകടിപ്പിച്ച് ഇനിമുതൽ അങ്ങനെ സംഭവിക്കില്ലെന്ന് ഉറപ്പ് നൽകിയിരുന്നുവെങ്കിൽ ഇന്നത്തെ പരിപാടിയുടെ ഗതി തന്നെ മാറിയേനെയെന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയന്റെ പ്രസംഗം അതിനുള്ള സാഹചര്യം ഒരുക്കിയിരുന്നുവെങ്കിലും, അത്തരമൊരു കുറ്റബോധം പ്രതിപക്ഷ നേതൃനിരയിൽ ഉണ്ടാകാതെ പോയതിലാണ് യഥാർത്ഥ പ്രശ്നമെന്നും വഹാബ് സഖാഫി മമ്പാട് തന്റെ കുറിപ്പിൽ വിമർശനം ഉന്നയിച്ചു.


—

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!