തിരുവനന്തപുരം: സംസ്ഥാന ഗവർണർ നേരിട്ട് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ. സ്വീകരിച്ച നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
ഗവർണർ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച സംഭവം ഭരണഘടനാ വിരുദ്ധമാണെന്നും, ഇത്തരമൊരു ഗൗരവ വിഷയത്തിൽ മുഖ്യമന്ത്രി പ്രതികരിക്കാതെ മുഖ്യമന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പ് ഇറക്കിയതിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രി ഈ വിഷയം പത്രവാർത്തകളിലൂടെയാണ് അറിഞ്ഞതെന്ന വിശദീകരണം വിശ്വസിക്കാനാകില്ലെന്നും, സംസ്ഥാനത്തിന്റെ എക്സിക്യൂട്ടീവ് തലവനെ അറിയിക്കാതെ ഉദ്യോഗസ്ഥർ ഗവർണറുടെ യോഗത്തിൽ പങ്കെടുത്തത് ഗുരുതരമായ ഭരണപരമായ വീഴ്ചയാണെന്നും പിണറായി പറഞ്ഞു.
ജനാധിപത്യ സംവിധാനത്തിൽ ഗവർണർ മന്ത്രിസഭയുടെ ഉപദേശ നിർദേശങ്ങൾക്കനുസരിച്ച് മാത്രമേ പ്രവർത്തിക്കാവൂ. അതിൽ നിന്ന് വ്യതിചലിക്കുന്ന ഏതൊരു നടപടിയും ഭരണഘടനാ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗവർണറുടെ നടപടിക്കെതിരെ മുഖ്യമന്ത്രി നേരിട്ട് പ്രതികരിക്കാതെ ചീഫ് സെക്രട്ടറിയെ കൊണ്ട് കത്ത് അയപ്പിച്ചതും വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. ഗവർണർക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ മുഖ്യമന്ത്രിക്ക് മടിയാണോയെന്നും, ഗവർണറെ നിയന്ത്രിക്കുന്ന രാഷ്ട്രീയ ശക്തികളായ ബിജെപിയെ എതിർക്കാൻ ഭയമാണോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
എൽ.ഡി.എഫ് ഭരണകാലത്ത് സമാന വിഷയങ്ങളിൽ മുഖ്യമന്ത്രി നേരിട്ട് ഗവർണർക്ക് കത്തയച്ച് പ്രതിഷേധം രേഖപ്പെടുത്തിയിരുന്നുവെന്നും, എന്നാൽ ഇപ്പോൾ സംഘർഷം ഒഴിവാക്കാനുള്ള സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാനത്തിന്റെ ഫെഡറൽ അവകാശങ്ങളും ഭരണഘടനാപരമായ എക്സിക്യൂട്ടീവ് അധികാരങ്ങളും സംരക്ഷിക്കേണ്ടത് രാഷ്ട്രീയ നേതൃത്വത്തിന്റെ ഉത്തരവാദിത്വമാണെന്നും, മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പ് സംസ്ഥാന സർക്കാരിന്റെ ദുർബലമായ നിലപാടാണ് വ്യക്തമാക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.