
—
കശ്മീരിൽ നിന്ന് കേരളത്തിന്റെ കലോത്സവ വേദിയിലേക്ക്; അതിരുകളില്ലാത്ത സൗഹൃദത്തിന്റെയും പ്രതിഭയുടെയും നേർകാഴ്ച
— മന്ത്രി വി. ശിവൻകുട്ടി
കോഴിക്കോട് | വോയിസ് ഓഫ് മഞ്ചേശ്വരം
കേരള സ്കൂൾ കലോത്സവ വേദിയിൽ കശ്മീരിൽ നിന്നെത്തിയ വിദ്യാർത്ഥികളുടെ മിന്നുന്ന വിജയം ശ്രദ്ധേയമായി. ജമ്മു–കശ്മീരിലെ പൂഞ്ച് ജില്ലയിൽ നിന്നുള്ള വിദ്യാർത്ഥികൾ ഉറുദു വിഭാഗത്തിൽ തിളക്കമാർന്ന നേട്ടം കൈവരിച്ചതിനെ തുടർന്ന് കലോത്സവ നഗരിയിൽ സൗഹൃദത്തിന്റെയും സാംസ്കാരിക ഐക്യത്തിന്റെയും മനോഹര നിമിഷങ്ങളാണ് അരങ്ങേറിയത്.
കോഴിക്കോട് മർകസ് ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്ന പത്താം ക്ലാസ് വിദ്യാർത്ഥികളായ ഇവരെ കലോത്സവ വേദിയിൽ നേരിട്ട് കണ്ടുമുട്ടിയ അനുഭവം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചു.
ബഹുമാനപ്പെട്ട കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകുന്ന മർകസിൽ വെച്ച് മുൻപേ തന്നെ ഇവരെ പരിചയപ്പെട്ടിരുന്നുവെന്നും, കലോത്സവ വേദിയിൽ വീണ്ടും കണ്ടുമുട്ടിയത് ഏറെ ഹൃദയസ്പർശിയായ അനുഭവമായിരുന്നുവെന്നും മന്ത്രി കുറിച്ചു.
കേരള സ്കൂൾ കലോത്സവങ്ങൾ നൽകുന്ന സാംസ്കാരിക അനുഭവവും ആത്മവിശ്വാസവും അതീവ പ്രചോദനാത്മകമാണെന്ന് വിദ്യാർത്ഥികൾ മന്ത്രിയോട് പങ്കുവെച്ചു. തങ്ങളുടെ നാട്ടിൽ ഇത്തരം വിപുലമായ കലാമത്സര വേദികൾ ഇല്ലെന്ന ചെറിയ പരിഭവത്തിനൊപ്പം, കേരളത്തിലെ പൊതുവിദ്യാഭ്യാസ സംവിധാനത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിലുള്ള സന്തോഷവും അവർ തുറന്നു പറഞ്ഞു.
കലയ്ക്കും വിദ്യാഭ്യാസത്തിനും അതിരുകളില്ലെന്ന സത്യമാണ് കശ്മീരിൽ നിന്നെത്തി കേരളത്തിന്റെ കലാവേദിയിൽ തിളങ്ങിയ ഈ വിദ്യാർത്ഥികളുടെ വിജയം തെളിയിക്കുന്നതെന്ന് മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.
കേരളത്തിന്റെ പൊതുവിദ്യാഭ്യാസ സംവിധാനത്തിന്റെ കരുത്തും ഉൾക്കൊള്ളുന്ന സ്വഭാവവും പ്രതിഫലിപ്പിക്കുന്ന ഈ നേട്ടം സംസ്ഥാനത്തിന് അഭിമാനമാണെന്നും, വിജയശ്രീലാളിതരായ വിദ്യാർത്ഥികൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അർപ്പിക്കുന്നുവെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
—