Voice of Manjeswar

“‘മുനാഫിഖ്’ പ്രയോഗം ഒഴിവാക്കണം: തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സഭ്യേതര ഭാഷക്കെതിരെ കുമ്പോൽ അലി തങ്ങൾ”


രാഷ്ട്രീയ വിമർശനം മാന്യമായ ഭാഷയിൽ മാത്രം വേണമെന്നും വികസന-ക്ഷേമ പ്രവർത്തനങ്ങൾ മുന്നോട്ട് വെച്ച് വോട്ട് തേടണമെന്നും ആഹ്വാനം




മഞ്ചേശ്വരം | Voice of Manjeshwaram Report

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രസംഗങ്ങളിലും സോഷ്യൽ മീഡിയയിലുമായി ചില സ്ഥാനാർഥികളും പ്രവർത്തകരും എതിർകക്ഷി നേതാക്കളെയും സ്ഥാനാർഥികളെയും വിമർശിക്കുന്നതിനിടെ സഭ്യേതരവും സംസ്കാരശൂന്യവുമായി ഭാഷ പ്രയോഗിക്കുന്ന പ്രവണത വർധിക്കുന്നതായി കുമ്പോൽ സയ്യിദ് അലി തങ്ങൾ ആശങ്ക പ്രകടിപ്പിച്ചു. ഇത്തരം പരാമർശങ്ങൾ രാഷ്ട്രീയ സംവാദത്തിന്റെ നിലവാരം താഴ്ത്തുന്നതാണെന്നും ഉടൻ ഒഴിവാക്കേണ്ടതാണെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

പ്രത്യേകിച്ച് ഒരു “സത്യവിശ്വാസിയായ സ്ഥാനാർഥിയെ ‘മുനാഫിഖ്’ എന്ന് വിശേഷിപ്പിച്ചത് അത്യന്തം ഗൗരവമുള്ളതും പ്രതിഷേധാർഹവുമാണെന്ന്” അലി തങ്ങൾ ചൂണ്ടിക്കാട്ടി. അതുപോലെ തന്നെ, “ജനം നിങ്ങളെ ചെരിപ്പ് കൊണ്ടടിക്കും”, “തന്തയില്ലായ്മ” എന്നീ തരത്തിലുള്ള വ്യക്തിപരവും അപമാനകരവുമായ പരാമർശങ്ങളും തിരഞ്ഞെടുപ്പ് സംസ്കാരത്തിന് യോജിച്ചതല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

രാഷ്ട്രീയ വിമർശനം പ്രതിപക്ഷ ബഹുമാനത്തോടെയും ജനാധിപത്യ മര്യാദ പാലിച്ചും നടത്തേണ്ടതാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. എതിർപക്ഷത്തെ അധിക്ഷേപിക്കുന്നതിനു പകരം ഓരോ മുന്നണിയും സ്ഥാനാർഥിയും നാടിന്റെ വികസനത്തിനും ജനക്ഷേമത്തിനുമായി ചെയ്ത പ്രവർത്തനങ്ങളും ഭാവിയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളും ജനങ്ങൾക്കു മുന്നിൽ അവതരിപ്പിച്ച് വോട്ട് അഭ്യർഥിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മുന്നണി നേതാക്കളും സ്ഥാനാർഥികളും പ്രവർത്തകരും പ്രസംഗങ്ങളിലും ഓൺലൈൻ പ്രചാരണങ്ങളിലും ഭാഷയുടെ മാന്യത കാത്തുസൂക്ഷിക്കണമെന്ന് അലി തങ്ങൾ ആഹ്വാനം ചെയ്തു. ആരോഗ്യകരമായ രാഷ്ട്രീയ സംവാദമാണ് ജനാധിപത്യത്തിന്റെ ശക്തിയെന്നും തിരഞ്ഞെടുപ്പ് വേളയിൽ അതിന് കൂടുതൽ പ്രാധാന്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

— Voice of Manjeshwaram.in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!