Voice of Manjeswar

കാസർകോട് മണ്ഡലത്തിൽ ബിജെപി ജയിക്കുമെന്ന വാർത്ത കെട്ടിച്ചമച്ചത്; നിയമനടപടി സ്വീകരിക്കും: എൽഡിഎഫ്




—


Voice of Manjeshwaram | Kasaragod

കാസർകോട് നിയമസഭാ മണ്ഡലത്തിൽ ബിജെപി വിജയിക്കുമെന്ന് എൽഡിഎഫ് മണ്ഡലം കമ്മിറ്റി ജില്ലാ കമ്മിറ്റിക്ക് റിപ്പോർട്ട് നൽകിയെന്ന തരത്തിൽ ഒരു ചാനൽ പ്രചരിപ്പിച്ച വാർത്ത പൂർണമായും അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണെന്ന് എൽഡിഎഫ് മണ്ഡലം സെക്രട്ടറി കെ. എ. മുഹമ്മദ് ഹനീഫ വ്യക്തമാക്കി. തെറ്റായ വാർത്ത പ്രചരിപ്പിച്ച ചാനലിനും ബന്ധപ്പെട്ട പ്രവർത്തകനുമെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

മണ്ഡലത്തിൽ ആകെ 1,67,920 വോട്ടുകൾ പോൾ ചെയ്തിട്ടുണ്ടെന്നും, ഇതിൽ ബിജെപിക്ക് 45,000 വോട്ടിൽ താഴെ മാത്രമേ ലഭിക്കാൻ സാധ്യതയുള്ളൂവെന്നാണ് എൽഡിഎഫിന്റെ വിലയിരുത്തലെന്നും സെക്രട്ടറി പറഞ്ഞു. ഈ സാഹചര്യത്തിൽ “ബിജെപി ജയിക്കുമെന്ന് എൽഡിഎഫ് മണ്ഡലം കമ്മിറ്റി റിപ്പോർട്ട് നൽകി” എന്ന രീതിയിലുള്ള വാർത്ത സി.പി.ഐ.എം-നെയും എൽഡിഎഫിനെയും അവഹേളിക്കാനുള്ള ശ്രമം മാത്രമാണെന്ന് അദ്ദേഹം ആരോപിച്ചു.

മുൻ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇത്തവണ കാസർകോട് മണ്ഡലത്തിൽ വലിയ മുന്നേറ്റം എൽഡിഎഫ് കൈവരിച്ചിട്ടുണ്ടെന്നും, അതിന്റെ ആത്മവിശ്വാസം തകർക്കാനാണ് ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. ഫലം വരുംവരെ രാഷ്ട്രീയ ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള നീക്കമായാണ് ഈ വാർത്തയെ എൽഡിഎഫ് വിലയിരുത്തുന്നത്.

മണ്ഡലം കമ്മിറ്റിയുമായോ സെക്രട്ടറിയുമായോ ബന്ധപ്പെട്ട് യാതൊരു മാധ്യമപ്രവർത്തകരും ഇത്തരമൊരു വിവരവും സ്ഥിരീകരിച്ചിട്ടില്ലെന്നും, അതിനുമുപരി “മണ്ഡലം സെക്രട്ടറി നൽകിയ റിപ്പോർട്ട്” എന്ന രീതിയിൽ വാർത്ത പുറത്തുവിട്ടത് മാധ്യമധർമ്മത്തിന് നിരക്കാത്ത നടപടിയാണെന്നും കെ. എ. മുഹമ്മദ് ഹനീഫ പറഞ്ഞു.

അതേസമയം, കേരളത്തിന്റെ രാഷ്ട്രീയ പാരമ്പര്യം മതേതരത്വം, സഹവർത്തിത്വം, ജനാധിപത്യ മൂല്യങ്ങൾ എന്നിവയിൽ ആഴത്തിൽ പതിഞ്ഞതാണെന്നും, ഭൂരിപക്ഷ-ന്യൂനപക്ഷ വിഭജന രാഷ്ട്രീയങ്ങൾ ജനങ്ങൾ സ്ഥിരമായി തള്ളിക്കളഞ്ഞ ചരിത്രമാണ് സംസ്ഥാനത്തിനുള്ളതെന്നും എൽഡിഎഫ് വൃത്തങ്ങൾ പ്രതികരിച്ചു. വികസനവും സാമൂഹിക ഐക്യവും മുൻനിർത്തിയ രാഷ്ട്രീയ സമീപനങ്ങളെയാണ് കേരളം എന്നും പിന്തുണച്ചിട്ടുള്ളതെന്നും അവർ കൂട്ടിച്ചേർത്തു.

തെറ്റായ വാർത്തകൾ വഴി രാഷ്ട്രീയ കക്ഷികളെയും മുന്നണികളെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളെ ജനങ്ങൾ അവജ്ഞയോടെ തള്ളിക്കളയുമെന്നും, ഇത്തരം പ്രചാരണങ്ങൾക്കെതിരെ ശക്തമായ നിയമപരവും രാഷ്ട്രീയവുമായ മറുപടി ഉണ്ടാകുമെന്നും എൽഡിഎഫ് നേതൃത്വം അറിയിച്ചു.


—

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!