സ്ട്രോക്ക് ബാധിതർക്കായി സൗജന്യ ഫിസിയോതെറാപ്പി ക്ലിനിക്കുകൾ വിപുലീകരിക്കണം: നിയമസഭയിൽ എ.കെ.എം അഷ്റഫ്
തിരുവനന്തപുരം: കോവിഡ് മഹാമാരിക്ക് ശേഷമുള്ള കാലഘട്ടത്തിൽ കേരളത്തിൽ, പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ സ്ട്രോക്ക് (പക്ഷാഘാതം) ബാധിതരുടെ എണ്ണം ആശങ്കാജനകമായി വർധിച്ചുവരുന്ന സാഹചര്യത്തിൽ, സ്ട്രോക്ക് രോഗികൾക്കായുള്ള ചികിത്സാ-പുനരധിവാസ സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്റഫ് നിയമസഭയിൽ ശ്രദ്ധക്ഷണിക്കൽ അവതരിപ്പിച്ചു.
ഒരു കുടുംബത്തിന്റെ പ്രധാന ആശ്രയമായ യുവാവിന് സ്ട്രോക്ക് ബാധിക്കുമ്പോൾ അതിന്റെ ആഘാതം ആരോഗ്യപരമായ പ്രശ്നങ്ങളിൽ മാത്രം ഒതുങ്ങുന്നില്ലെന്നും, കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷിതത്വം തന്നെ തകരാറിലാകുന്ന സാഹചര്യമാണുണ്ടാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്ട്രോക്കിന് ശേഷമുള്ള ചികിത്സയും മാസങ്ങളോളം തുടരേണ്ടി വരുന്ന ഫിസിയോതെറാപ്പിയും സാധാരണക്കാരായ കുടുംബങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നതായി എം.എൽ.എ പറഞ്ഞു. സർക്കാർ ആശുപത്രികളിൽ ആവശ്യമായ തോതിൽ ഫിസിയോതെറാപ്പി സൗകര്യങ്ങളും വിദഗ്ധരുടെ സേവനവും ലഭ്യമല്ലാത്തതിനാൽ രോഗികൾ സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വരുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഗ്രാമീണ മേഖലകളിലെ രോഗികൾ ദിവസേന ദൂരെയുള്ള ഫിസിയോതെറാപ്പി കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യേണ്ടി വരുന്നത് രോഗികൾക്കും കുടുംബാംഗങ്ങൾക്കും വലിയ ദുരിതമുണ്ടാക്കുന്നുവെന്നും അദ്ദേഹം സഭയുടെ ശ്രദ്ധയിൽപ്പെടുത്തി.
ഈ സാഹചര്യത്തിൽ, സ്ട്രോക്ക് ബാധിതർക്കായി പ്രാദേശിക തലത്തിൽ സൗജന്യ ഫിസിയോതെറാപ്പി ക്ലിനിക്കുകൾ കൂടുതൽ വ്യാപകമാക്കണമെന്നും, കാരുണ്യ ഉൾപ്പെടെയുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതികളിൽ ദീർഘകാല ഫിസിയോതെറാപ്പി ചികിത്സകളും ഉൾപ്പെടുത്തി രോഗികൾക്ക് സാമ്പത്തിക സഹായം ഉറപ്പാക്കണമെന്നും എ.കെ.എം അഷ്റഫ് ആവശ്യപ്പെട്ടു.
സ്ട്രോക്ക് രോഗികളുടെ പുനരധിവാസത്തിന് കൂടുതൽ പ്രാധാന്യം നൽകി ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്താൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.