
മഞ്ചേശ്വരം: സാഹിത്യ മേഖലയിൽ തന്റെ അതുല്യമായ സംഭാവനകൾക്ക് പ്രശസ്തയായ ഡോ. കെപി സുധീരയ്ക്ക് 2025-ലെ “സത്യജിത് റേ” സാഹിത്യ പുരസ്കാരം ലഭിച്ചു. സത്യജിത് റേ ഫിലിം സൊസൈറ്റി (SRFS), കേരളം സാഹിത്യത്തിലെ മികവിന് നൽകുന്ന ഈ അവാർഡ് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ സുധീരയ്ക്ക് സമ്മാനിച്ചു. SRFS-ന്റെ ജനറൽ സെക്രട്ടറി അഡ്വ. ബിന്ദു ആർ, ചെയർപേഴ്സൺ സാജൻ ലാൽ എന്നിവർ ഒപ്പിട്ട സർട്ടിഫിക്കറ്റോടൊപ്പം ട്രോഫിയും നൽകി ആദരിച്ചു. “അനുഗ്രഹ നിമിഷം – സത്യജിത് റേ പുരസ്കാരം ഏറ്റുവാങ്ങാൻ കഴിഞ്ഞ ഈ ദിനം ജീവിതത്തിൽ മറക്കാനാവാത്ത ഒന്നാണ്,” എന്ന് സുധീര സോഷ്യൽ മീഡിയയിൽ കുറിച്ചു, ജൂറി, സംഘാടകർ, പിന്തുണച്ചവർ എന്നിവർക്ക് നന്ദി അറിയിച്ചു. അതേ ചടങ്ങിൽ സിനിമാ മേഖലയിലെ സംഭാവനകൾക്ക് പ്രമുഖ സിനിമാട്ടോഗ്രാഫർ വി. കുമാറിനും അവാർഡ് നൽകി ആദരിച്ചു.
ആരാണ് ഡോ. കെപി സുധീര?
കോഴിക്കോട് പുതിയറയിൽ കെ.സി. പത്മനാഭന്റെയും ശാരദയുടെയും മകളായി ജനിച്ച ഡോ. കെപി സുധീര (വിദ്യാ വാചസ്പതി) കേരള ഗ്രാമീൺ ബാങ്കിൽ മാനേജരായിരുന്നു. 12 സാഹിത്യ ശാഖകളിലായി 96 പുസ്തകങ്ങൾ രചിച്ച അവർ, സാഹിത്യ മേഖലയിൽ അതുല്യമായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്. അവരുടെ കൃതികൾ നിരവധി ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. 2010-ൽ ബീഹാർ യൂണിവേഴ്സിറ്റിയിൽ നിന്ന് വിദ്യാ വാചസ്പതി ഹോണററി ഡോക്ടറേറ്റ് ലഭിച്ചു.
ദേശീയ-അന്തർദേശീയ അംഗീകാരങ്ങൾ

സ്വദേശത്തും വിദേശത്തുമായി 55-ലധികം പുരസ്കാരങ്ങൾ സുധീരയെ തേടിയെത്തി. ലളിതാംബിക അന്തർജനം, കേസരി ബാലകൃഷ്ണപിള്ള, വൈക്കം മുഹമ്മദ് ബഷീർ, തകഴി, ഉറൂബ്, എസ്.കെ. പൊറ്റെക്കാട്, ഓ.വി. വിജയൻ തുടങ്ങിയവരുടെ പേരിൽ ലഭിച്ച പുരസ്കാരങ്ങൾക്ക് പുറമെ മാതൃഭൂമി ഗൃഹലക്ഷ്മി അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ അവർക്ക് ലഭിച്ചു. ദേശീയ തലത്തിൽ ദില്ലി സുലഭ് സാഹിത്യ അക്കാദമി അവാർഡ്, ബീജാപ്പൂർ താജ് മുഗളിനി അവാർഡ്, ദില്ലി ഗായത്രി അവാർഡ്, മീരാ ഭായ് അവാർഡ്, കസ്തൂർഭാ സമ്മാൻ, ശ്രീമൻ അരവിന്ദ് ആശ്രമം അവാർഡ്, അക്ക മഹാദേവി പുരസ്കാരം എന്നിവ ലഭിച്ചു.
അന്തർദേശീയ തലത്തിൽ ലണ്ടൻ ലിംഗ്വൽ ഹാർമണി അവാർഡ്, ശ്രീലങ്കയിൽ നിന്ന് സംഘമിത്രാ അവാർഡ്, ഈജിപ്തിൽ നിന്ന് ഡോട്ടർ ഓഫ് നൈൽ, 2019-ൽ ഇസ്താംബൂളിൽ നിന്ന് Blessed Lady of the Time അവാർഡ്, 2020-ൽ യൂറോപ്പിൽ ആദരവ്, 2022-ൽ തുർക്കിയിൽ നിന്ന് ആദരം എന്നിവ ലഭിച്ചു. സാഹിത്യവുമായി ബന്ധപ്പെട്ട് 47 വിദേശ രാജ്യങ്ങൾ സന്ദർശിച്ച അവർ 2025 ഏപ്രിൽ 9-ന് ജപ്പാൻ സന്ദർശിച്ചിരുന്നു.
കേരള സർക്കാർ അവാർഡുകൾ
കേരള സർക്കാരിൽ നിന്ന് മൂന്ന് പ്രധാന അവാർഡുകൾ സുധീരയ്ക്ക് ലഭിച്ചിട്ടുണ്ട്. 2018-ൽ കമലാ സുരയ്യയുടെ പേരിൽ കേരള ഗവൺമെന്റിന്റെ വനിതാരത്നം പുരസ്കാരം, 2023-ൽ കേരള സാഹിത്യ അക്കാദമിയുടെ സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം, 2025-ൽ കേരള സർക്കാരിന്റെ സാംസ്കാരിക വിഭാഗം നൽകുന്ന തകഴി സാഹിത്യ പുരസ്കാരം എന്നിവ ലഭിച്ചു.
വോയിസ് ഓഫ് മഞ്ചേശ്വരം ടീം ഡോ. കെപി സുധീരയുടെ ഈ അസാധാരണ നേട്ടങ്ങൾക്ക് അഭിനന്ദനം ആദരവ് അർപ്പിക്കുന്നു.