ആരിക്കാടി ടോൾ പിരിവ് നിർത്തലാക്കി: ജനകീയ സമരത്തിന് വിജയം; വിവിധ നേതാക്കളുടെ പ്രതികരണങ്ങൾ
മഞ്ചേശ്വരം മണ്ഡലത്തിലെ കുമ്പള ആരിക്കാടിയിലെ അന്യായ ടോൾ പിരിവ് കേന്ദ്രം നിർത്തലാക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തീരുമാനിച്ചു. നീണ്ട ദിവസങ്ങളായി നടന്ന ശക്തമായ ജനകീയ സമരത്തിനാണ് ഒടുവിൽ വിജയം കൈവന്നിരിക്കുന്നത്. ഈ തീരുമാനത്തെ തുടർന്ന് രാഷ്ട്രീയ–സാമൂഹിക രംഗങ്ങളിൽ നിന്ന് വിവിധ പ്രതികരണങ്ങളാണ് ഉയരുന്നത്.
—
“ഇത് നമ്മുടെ നാടിന്റെ വിജയം” – എ.കെ.എം. അഷ്റഫ്
“ഇത് നമ്മുടെ നാടിന്റെ വിജയം. നാം ഒന്നിച്ച് നേടിയ #സമര_വിജയമാണിത്.
കുമ്പള ആരിക്കാടിയിലെ അന്യായ ടോൾ കേന്ദ്രം നിർത്തലാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം ജനകീയ ഐക്യത്തിന്റെ ശക്തമായ അംഗീകാരമാണ്.
ജനങ്ങളുടെ ന്യായമായ ആവശ്യങ്ങൾക്ക് മുന്നിൽ മുട്ടുമടക്കാത്ത ഒരു അധികാര കേന്ദ്രവുമില്ലെന്നതാണ് ഈ സമരം വീണ്ടും തെളിയിച്ചിരിക്കുന്നത്.
ഈ വിജയത്തിനായി രാവും പകലും സമരരംഗത്ത് നിലകൊണ്ട മുഴുവൻ സമര ഭടന്മാർക്കും ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ.”
—
“ജനാധിപത്യത്തിൽ പരമാധികാരികൾ ജനങ്ങളാണ്” – സി.എ. സുബൈർ
“ജനാധിപത്യത്തിൽ പരമാധികാരികൾ ജനങ്ങളാണെന്ന് ആരിക്കാടിയിലെ സമരം വീണ്ടും തെളിയിച്ചു.
ജനങ്ങളുടെ ശക്തമായ ഐക്യത്തിനും ഉറച്ച പോരാട്ടത്തിനും മുന്നിൽ ഒടുവിൽ അധികാര കേന്ദ്രങ്ങൾ വഴങ്ങേണ്ടിവന്നു.
ആരിക്കാടിയിലെ ടോൾ ബൂത്ത് നിർത്തലാക്കാനുള്ള കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ തീരുമാനം ജനകീയ സമരത്തിന്റെ ചരിത്രവിജയമാണ്.”
—
“കേന്ദ്ര സർക്കാരിന്റെ തീരുമാനം കാസർഗോഡ് ജനതയ്ക്ക് ആശ്വാസം” – ബിജെപി ജില്ലാ നേതൃത്വം
കുമ്പള ആരിക്കാടി ടോൾ നിലവിൽ വന്നത് മുതൽ അത് നിർത്തലാക്കാൻ ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയോടെ തുടർച്ചയായ ഇടപെടലുകൾ നടത്തിയതായി ബിജെപി ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനി പറഞ്ഞു.
“ഇടതും വലതും മുന്നണികളുടെ അശാസ്ത്രീയ ഇടപെടലുകളാണ് വിഷയം ഇത്രയും കാലം സങ്കീർണമാക്കിയത്.
കേന്ദ്ര സർക്കാരിന്റെ തീരുമാനത്തോടെ കാസർഗോഡ് ജനത നേരിട്ടിരുന്ന വലിയൊരു പ്രശ്നമാണ് ഇപ്പോൾ പരിഹാരത്തിലേക്ക് എത്തിയിരിക്കുന്നത്.
ആരിക്കാടി ടോൾ ഗേറ്റ് 24 മണിക്കൂറിനുള്ളിൽ അടച്ചിടുന്നതായാണ് അറിയിപ്പ്.”
ഇതിനായി ഇടപെട്ട
രാജീവ് ചന്ദ്രശേഖർ,
നിതിൻ ഗഡ്കരി
എന്നിവർക്കു കാസർഗോഡ് ജനതയുടെ നന്ദിയും അദ്ദേഹം രേഖപ്പെടുത്തി.
—
“മഞ്ചേശ്വരം ജനങ്ങളുടെ ന്യായമായ ആവശ്യത്തിനുള്ള പരിഹാരം” – കെ. സുരേന്ദ്രൻ
“മഞ്ചേശ്വരം മണ്ഡലത്തിലെ ആരിക്കാടിയിലെ ടോൾ പിരിവ് കേന്ദ്രം നിർത്തലാക്കാനുള്ള കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ തീരുമാനം ജനങ്ങളുടെ ന്യായമായ ആവശ്യത്തിനുള്ള പരിഹാരമാണ്.
ഈ വിഷയത്തിൽ സമയബന്ധിതമായ ഇടപെടൽ നടത്തി തീരുമാനം കൈകൊണ്ട
നിതിൻ ഗഡ്കരി
എന്നിവർക്കും,
രാജ്യത്തിന്റെ പ്രധാനമന്ത്രി
നരേന്ദ്ര മോദി
എന്നിവർക്കും മഞ്ചേശ്വരത്തെ ജനങ്ങളുടെ പേരിൽ നന്ദി അറിയിക്കുന്നു.”
—