—
പരപ്പ–ദേലംപാടി–ഊജംപാടി റോഡ്: വ്യാജ അവകാശവാദങ്ങൾ അവസാനിപ്പിക്കണമെന്ന് സി.എച്ച്. കുഞ്ഞമ്പു എംഎൽഎ
ഉദുമ:
ഉദുമ മണ്ഡലത്തിലെ ദേലംപാടി പഞ്ചായത്തിലെ പരപ്പ–ദേലംപാടി–ഊജംപാടി റോഡിന് സെൻട്രൽ റോഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൽ ഉൾപ്പെടുത്തി 28 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതുമായി ബന്ധപ്പെട്ട് ചിലർ നടത്തുന്ന വ്യാജ പ്രചാരണങ്ങളും തെറ്റായ അവകാശവാദങ്ങളും അവസാനിപ്പിക്കണമെന്ന് സി.എച്ച്. കുഞ്ഞമ്പു എംഎൽഎ ആവശ്യപ്പെട്ടു.
പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിൽപ്പന വരുമാനത്തിൽ നിന്ന് റോഡ് നിർമ്മാണ സെസായി കേന്ദ്ര സർക്കാർ ഈടാക്കുന്ന ഒരു ശതമാനം തുകയാണ് സെൻട്രൽ റോഡ് ഫണ്ടായി വിനിയോഗിക്കുന്നത്. രാജ്യത്തെ റോഡ് വികസന പ്രവർത്തനങ്ങൾക്കായാണ് ഈ ഫണ്ട് ഉപയോഗിക്കുന്നത്. ഈ പദ്ധതിയുടെ ഭാഗമായി ഈ വർഷം കേരളത്തിന് ഏകദേശം 1000 കോടി രൂപയാണ് ലഭിച്ചതെന്ന് എംഎൽഎ വ്യക്തമാക്കി.
എംഎൽഎമാർ ശുപാർശ ചെയ്യുന്ന റോഡുകളുടെ പട്ടിക പൊതുമരാമത്ത് വകുപ്പ് മുൻഗണന നിശ്ചയിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന് സമർപ്പിക്കുകയാണ് പതിവ് നടപടിക്രമം. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ വർഷങ്ങളായി റോഡ് നിർമ്മാണത്തിനുള്ള ധനസഹായം അനുവദിച്ചു വരുന്നത്.
ഈ വർഷം സംസ്ഥാന സർക്കാർ മുൻഗണന നൽകി കേന്ദ്ര സർക്കാരിന് സമർപ്പിച്ച 39 റോഡുകൾക്കാണ് 988.75 കോടി രൂപയുടെ ഭരണാനുമതി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നൽകിയിരിക്കുന്നത്. ഇതിൽ ഉൾപ്പെട്ടതാണ് ദേലംപാടി പഞ്ചായത്തിലെ പരപ്പ–ദേലംപാടി–ഊജംപാടി റോഡും.
ദേലംപാടി പഞ്ചായത്തിലെ ജനങ്ങളുടെ ഏറെക്കാലമായുള്ള പ്രധാന ആവശ്യമാണ് ഈ റോഡെന്ന് എംഎൽഎ പറഞ്ഞു. സെൻട്രൽ റോഡ് ഫണ്ടിൽ നിന്ന് തുക അനുവദിക്കുന്നതിന് ശുപാർശ ചെയ്യണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രിയോട് തുടർച്ചയായി ആവശ്യപ്പെട്ടതിന്റെ ഫലമായാണ് ഇപ്പോൾ ഭരണാനുമതി ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ ആവശ്യവുമായി ബന്ധപ്പെട്ട് 2025 മാർച്ച് 12ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് കത്ത് നൽകിയിരുന്നു. പ്രസ്തുത കത്ത് പരിഗണിച്ച് വിഷയം പരിശോധിക്കാൻ പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം ചീഫ് എഞ്ചിനീയറോട് നിർദ്ദേശം നൽകിയതായി വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് 2025 ഏപ്രിൽ 2ന് മറുപടിയും നൽകിയിരുന്നു.
തുടർന്നുള്ള പരിശോധനകൾക്ക് ശേഷം, 2025 ഒക്ടോബർ 16ന് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന് സമർപ്പിച്ച 39 റോഡുകളുടെ പ്രൊപ്പോസലാണ് ഇപ്പോൾ അംഗീകരിക്കപ്പെട്ടതെന്നും എംഎൽഎ അറിയിച്ചു.
കേന്ദ്ര പദ്ധതിയാണെന്നറിഞ്ഞപ്പോൾ പദ്ധതിയുടെ പിതൃത്വം അവകാശപ്പെട്ട് ഉത്തരവാദിത്തമുള്ള ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ നടത്തുന്ന കുപ്രചാരണം ജനാധിപത്യ മര്യാദകൾക്ക് വിരുദ്ധമാണെന്ന് സി.എച്ച്. കുഞ്ഞമ്പു എംഎൽഎ കുറ്റപ്പെടുത്തി. ഇത്തരം തെറ്റായ പ്രചാരണങ്ങൾ ജനങ്ങൾ തള്ളിക്കളയണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
—