Voice of Manjeswar

മോദിയുമായി കൂടിക്കാഴ്ച; കേരള യാത്രയുടെ റിപ്പോർട്ട് കൈമാറി കാന്തപുരം



📰 പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നേതാവുമായ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ദില്ലിയിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ കൂടിക്കാഴ്ച നടത്തി. രാജ്യത്തെ സാമൂഹിക സാഹചര്യങ്ങളും വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചര്‍ച്ചയായതായി അദ്ദേഹം അറിയിച്ചു.

ന്യൂഡൽഹിയിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ നടന്ന കൂടിക്കാഴ്ചയിൽ കേരള യാത്രയിൽ ശേഖരിച്ച വിവരങ്ങളും വിവിധ വികസന വിഷയങ്ങളും ചര്‍ച്ചയായി. സമസ്ത നേതാക്കളും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.. കൂടിക്കാഴ്ചയിൽ പ്രത്യേക ആശങ്കകൾ ഒന്നും ഉന്നയിച്ചിട്ടില്ലെന്നും, മാനുഷിക വിഷയങ്ങളും രാജ്യത്തിന്റെ സമഗ്ര ക്ഷേമത്തിനായി ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയുമാണ് പ്രധാനമായും ചര്‍ച്ചയായതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ നടത്തിയ വികസന യാത്രയുടെ ഭാഗമായി ജനങ്ങളിൽ നിന്ന് ശേഖരിച്ച വിവരങ്ങളും നിർദേശങ്ങളും പ്രധാനമന്ത്രിക്ക് കൈമാറിയതായും അദ്ദേഹം അറിയിച്ചു. കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളും ചര്‍ച്ചയായി.

കേരളത്തിൽ റോഡ് വികസനം പുരോഗമിക്കുന്നതായി ചൂണ്ടിക്കാട്ടിയ അദ്ദേഹം, വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട കൂടുതൽ നടപടികൾ ആവശ്യപ്പെട്ടതായും വ്യക്തമാക്കി. കൂടാതെ, അലിഗഡ് മുസ്ലിം സർവകലാശാലയുടെ കേരള കേന്ദ്രവുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.

കേന്ദ്ര സർക്കാരിന്റെ പരിധിയിൽ വരുന്ന വിഷയങ്ങളിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് പ്രധാനമന്ത്രി മറുപടി നൽകിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി, എസ്.വൈ.എസ് പ്രസിഡന്റ് ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.


—

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!