Voice of Manjeswar

Voice of Manjeswara

ഫോം സെവൻ ദുരുപയോഗം ചെയ്ത് വോട്ടുകൾ തള്ളാനുള്ള ശ്രമം ജനാധിപത്യത്തിനെതിരായ വെല്ലുവിളി: ശരീഫ് പാവൂർ






ഫോം സെവൻ ദുരുപയോഗം ചെയ്ത് വോട്ടുകൾ തള്ളാനുള്ള ശ്രമം ജനാധിപത്യത്തിനെതിരായ വെല്ലുവിളി — SDPI



പൗരന്മാരുടെ പൗരത്വത്തെ സംശയപ്പെടുത്തി ഫോം സെവൻ ദുരുപയോഗം ചെയ്ത് വോട്ടവകാശം ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ ജനാധിപത്യത്തിനെതിരായ തുറന്ന വെല്ലുവിളിയാണെന്ന് SDPI മുൻ മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റും നിലവിലെ മെച്ചമ്പാടി വാർഡ് പഞ്ചായത്ത് അംഗവുമായ ഷരീഫ് പാവൂർ പ്രസ്താവിച്ചു.

മഞ്ചേശ്വരം നിയമസഭ മണ്ഡലത്തിലെ പൈവളികയിൽ “മുഹമ്മദ്” എന്ന വ്യക്തിയുടെ വോട്ട് ഫോം സെവൻ ഉപയോഗിച്ച് ഒഴിവാക്കാൻ ശ്രമിക്കുകയും, അദ്ദേഹം ഇന്ത്യക്കാരനല്ലെന്ന രീതിയിൽ അദ്ദേഹത്തിന്റെ പൗരത്വം തന്നെ ചോദ്യം ചെയ്യുകയും ചെയ്ത സംഭവം അതീവ ഗുരുതരവും അപലപനീയവുമാണെന്ന് അദ്ദേഹം പറഞ്ഞു.

ഇതിനോടനുബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ കേസ് എടുത്തിരിക്കുന്ന സാഹചര്യത്തിൽ, ബിജെപി ജില്ലാ പ്രസിഡണ്ട് പത്രസമ്മേളനം വിളിച്ച് ഇനിയും ഫോം സെവൻ ഉപയോഗിച്ച് വോട്ടുകൾ തള്ളാൻ അപേക്ഷകൾ നൽകുമെന്ന് പ്രഖ്യാപിച്ചത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമായി തന്നെ കാണേണ്ടതാണെന്നും അദ്ദേഹം ആരോപിച്ചു.

വോട്ടവകാശം ഭരണഘടന ഉറപ്പുനൽകുന്ന അടിസ്ഥാന ജനാധിപത്യ അവകാശമാണെന്നും, അതിനെ രാഷ്ട്രീയ ആയുധമാക്കാൻ ഒരിക്കലും അനുവദിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫോം സെവൻ പോലുള്ള നിയമപരമായ നടപടികൾ ദുരുപയോഗം ചെയ്ത് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ബുദ്ധിമുട്ടിക്കുകയും തെരഞ്ഞെടുപ്പ് പ്രക്രിയയെ ബാധിക്കുകയും ചെയ്യുന്ന പ്രവണതകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ ഗൗരവത്തോടെ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഏതു ശ്രമവും ശക്തമായി ചെറുക്കണമെന്നും കുറ്റക്കാരെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!