എഡിറ്റോറിയൽ
മഞ്ചേശ്വരം നിയോജകമണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായി കെ.ആർ. ജയാനന്ദനെ പ്രഖ്യാപിച്ചതിനെ തുടർന്ന് ചില മാധ്യമങ്ങളിൽ “ഡിവൈഎഫ്ഐ രംഗത്ത്” എന്ന രീതിയിൽ വാർത്തകളും ബൈറ്റുകളും പ്രചരിക്കുന്നുണ്ട്. എന്നാൽ ചാനലുകളിൽ കാണുന്ന ചില പ്രതികരണങ്ങൾ ഡിവൈഎഫ്ഐയുടെ ഔദ്യോഗിക നിലപാടാണോ എന്നത് തന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.
ഡിവൈഎഫ്ഐ സിപിഐഎം ന്റെ ബഹുജന വർഗ സംഘടനയാണ്. അതിനാൽ അതിന്റെ ഔദ്യോഗിക നിലപാട് സംഘടനാ ഘടനകളിലൂടെ തന്നെ പ്രഖ്യാപിക്കപ്പെടേണ്ടതാണ്. വ്യക്തിപരമായ അഭിപ്രായങ്ങളെയും ചെറിയ കൂട്ടായ്മകളുടെ പ്രതികരണങ്ങളെയും “ഡിവൈഎഫ്ഐയുടെ നിലപാട്” എന്ന രീതിയിൽ അവതരിപ്പിക്കുന്നത് ശരിയായ രാഷ്ട്രീയ സംസ്കാരമല്ല.
മഞ്ചേശ്വരത്തിലെ രാഷ്ട്രീയ സാഹചര്യത്തിൽ ചിലർ ലീഗ് വിരുദ്ധ നിലപാടിന്റെ പേരിൽ സ്വന്തം രാഷ്ട്രീയ അജണ്ടകൾ മുന്നോട്ട് വെക്കാൻ ശ്രമിക്കുന്നുവെന്ന വിമർശനവും ഉയരുന്നുണ്ട്. എന്നാൽ ഇത്തരം കൊക്കസ് രാഷ്ട്രീയങ്ങൾ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ അടിസ്ഥാന ചിന്തകളുമായി പൊരുത്തപ്പെടുന്നില്ല.
പാർട്ടി തീരുമാനങ്ങൾ കൂട്ടായ ആലോചനകളുടെയും സംഘടനാ ചർച്ചകളുടെയും അടിസ്ഥാനത്തിലാണ് ഉണ്ടാകുന്നത്. അതിനെ മാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതാണ് ഇടതുപക്ഷ പ്രവർത്തകരുടെ രാഷ്ട്രീയ സംസ്കാരം. അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണെങ്കിലും അന്തിമ തീരുമാനത്തെ അംഗീകരിച്ച് മുന്നോട്ട് പോകുക എന്നത് സംഘടനാ ശാസനയുടെ ഭാഗമാണ്.
മഞ്ചേശ്വരത്ത് ഇടതുപക്ഷ ശക്തികളെ ഏകോപിപ്പിക്കുകയും പാർട്ടി തീരുമാനത്തിന് ഒപ്പം നിന്ന് പ്രവർത്തിക്കുകയും ചെയ്യുന്നതാണ് ഈ ഘട്ടത്തിൽ പ്രധാനമായത്. വ്യക്തിപരമായ അഭിപ്രായങ്ങൾക്കും വിഭാഗീയ ശ്രമങ്ങൾക്കും പകരം കൂട്ടായ രാഷ്ട്രീയ ബോധ്യത്തോടെ പ്രവർത്തിച്ചാൽ മാത്രമേ മണ്ഡലത്തിൽ ഇടതുപക്ഷ മുന്നേറ്റം ശക്തിപ്പെടുകയുള്ളൂ.
– എഡിറ്റോറിയൽ
വോയ്സ് ഓഫ് മഞ്ചേശ്വരം