തിരുവനന്തപുരം: കേരള സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ വീണ്ടും ചരിത്രവിജയം ആവർത്തിച്ചതിന് പിന്നാലെ നടന്ന വിജയാഘോഷ പ്രകടനത്തിനിടെ സംഘർഷം. തിരുവനന്തപുരം പാളയത്ത് എത്തിയ എസ്എഫ്ഐ പ്രവർത്തകരുടെ വിജയാഹ്ലാദ പ്രകടനത്തിന് നേരെ കെഎസ്‌യു പ്രവർത്തകർ ഏകപക്ഷീയമായി ആക്രമണം നടത്തിയെന്നാണ് എസ്എഫ്ഐയുടെ ആരോപണം.
യൂണിയൻ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ വൻ ഭൂരിപക്ഷം നേടിയ എസ്എഫ്ഐ പ്രവർത്തകർ വിജയാഘോഷ പ്രകടനം സംഘടിപ്പിച്ചിരുന്നു. ഈ പ്രകടനം പാളയം മേഖലയിലെത്തിയപ്പോഴാണ് സംഘർഷാവസ്ഥ രൂപപ്പെട്ടത്. സംഭവത്തിൽ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ് ഉൾപ്പെടെ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.
പരിക്കേറ്റവരെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം. വി. ഗോവിന്ദൻ മാസ്റ്ററും നേതാവ് സ. എം. വി. ജയരാജനും ആശുപത്രിയിലെത്തി പരിക്കേറ്റ പ്രവർത്തകരെ സന്ദർശിച്ചു.
ക്യാമ്പസുകളിൽ എസ്എഫ്ഐക്ക് വിദ്യാർഥികൾക്കിടയിൽ ലഭിക്കുന്ന ശക്തമായ സ്വാധീനവും അംഗീകാരവുമാണ് ഈ തെരഞ്ഞെടുപ്പ് വിജയത്തിന്റെ അടിത്തറയെന്ന് എസ്എഫ്ഐ നേതൃത്വം പ്രതികരിച്ചു. വിജയത്തിൽ അസ്വസ്ഥരായ കെഎസ്‌യു പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്നും സംഭവത്തെ ശക്തമായി അപലപിക്കുന്നതായും നേതൃത്വം വ്യക്തമാക്കി.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് കെഎസ്‌യുവിന്റെ ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല.