Voice of Manjeswar

ഇനി സഹയാത്രികനല്ല, പാർട്ടിയുടെ ഭാഗം

സി.പി.ഐ(എം) അംഗത്വം സ്വീകരിച്ചതായി കെ.ടി ജലീൽ



മലപ്പുറം: മുൻ മന്ത്രിയും മുൻ എം.എൽ.എയുമായ കെ.ടി ജലീൽ സി.പി.ഐ(എം) അംഗത്വം സ്വീകരിച്ചതായി വ്യക്തമാക്കി. ദീർഘകാലമായി ഇടതുപക്ഷ സഹയാത്രികനായിരുന്ന താൻ ഇനി പാർട്ടിയുടെ ഔദ്യോഗിക ഭാഗമാണെന്ന് വ്യക്തമാക്കിയാണ് ജലീൽ ഫേസ്ബുക്കിലൂടെ വികാരനിർഭരമായ കുറിപ്പ് പങ്കുവെച്ചത്.

2006 മുതൽ സി.പി.ഐ(എം)വുമായി ആത്മബന്ധം തുടരുന്നുവെന്നും, പാർട്ടി തന്റെ പൊതുജീവിതത്തിൽ വലിയ താങ്ങും തണലുമായിരുന്നു എന്നും ജലീൽ കുറിപ്പിൽ പറഞ്ഞു. സഹയാത്രികനായിരിക്കെ പിണറായി വിജയനും എം.വി ഗോവിന്ദൻ മാസ്റ്ററും നയിച്ച സംസ്ഥാന ജാഥകളിൽ അംഗമാക്കിയതും, ശുപാർശകളില്ലാതെ നാല് തവണ എം.എൽ.എയും മന്ത്രിയുമായി ഉയർത്തിയതും പാർട്ടി തന്നെയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

രാജ്യത്ത് വർഗ്ഗീയ-ഫാഷിസ്റ്റ് ശക്തികൾ ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ മതനിരപേക്ഷതയും സാധാരണ ജനവിഭാഗങ്ങളുടെയും അവകാശങ്ങളും സംരക്ഷിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾ ശക്തമായി നിലനിൽക്കേണ്ടത് അനിവാര്യമാണെന്ന് ജലീൽ അഭിപ്രായപ്പെട്ടു. ഇടതുപക്ഷം ദുർബലമായാൽ അതിന്റെ തിരിച്ചടി ന്യൂനപക്ഷങ്ങൾക്കും പിന്നോക്ക വിഭാഗങ്ങൾക്കുമാകും ഏറ്റുവാങ്ങേണ്ടി വരികയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മതവിശ്വാസവും കമ്മ്യൂണിസ്റ്റ് ആശയവും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ലെന്ന പ്രചാരണങ്ങളെ തള്ളിക്കളഞ്ഞ ജലീൽ, നല്ല വിശ്വാസിക്കും നല്ല കമ്മ്യൂണിസ്റ്റുകാരനാകാൻ കഴിയുമെന്ന് തന്റെ ജീവിതം കൊണ്ട് തെളിയിച്ച നിരവധി പേർ ഉണ്ടെന്നും പറഞ്ഞു. മതത്തെ ചൂഷണോപാധിയാക്കി വിദ്വേഷം പ്രചരിപ്പിക്കുന്നവർക്കെതിരായ നിലപാടിന്റെ ഭാഗമായും പാർട്ടി അംഗത്വം സ്വീകരിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

പാർട്ടി പ്രതിസന്ധികൾ നേരിടുന്ന ഘട്ടത്തിൽ അതിനൊപ്പം നിൽക്കുന്നത് സാമൂഹിക ഉത്തരവാദിത്തമാണെന്നും, കർഷകർ മുതൽ യുവാക്കൾ വരെയുള്ള എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന കൂട്ടായ്മയാണ് സി.പി.ഐ(എം) എന്നും ജലീൽ കുറിപ്പിൽ രേഖപ്പെടുത്തി.

സി.പി.ഐ(എം) അംഗത്വം സ്വീകരിച്ച തീരുമാനം സാമൂഹിക-രാഷ്ട്രീയ പ്രതിബദ്ധതയുടെ ഭാഗമാണെന്നും, വർഗ്ഗീയതയ്ക്കും ഫാസിസത്തിനുമെതിരായ പ്രതിരോധം ശക്തിപ്പെടുത്താനാണ് ഈ നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!