Voice of Manjeswar

Voice of Manjeswara

ഷിറിയ ഗ്രാമ വികസന സമിതി: ആക്ഷൻ കമ്മിറ്റിയുടെ ടോൾ ഗേറ്റ് പ്രതിഷേധത്തിനെതിരെ രൂക്ഷവിമർശനം

കുമ്പള: ദേശീയ പാതയിൽ കുമ്പളയിൽ നിർമിക്കാൻ ശ്രമിക്കുന്ന ടോൾ ഗേറ്റിനെതിരെ ആക്ഷൻ കമ്മിറ്റി നടത്തുന്ന പ്രതിഷേധത്തിനെതിരെ ഷിറിയ ഗ്രാമ വികസന സമിതി രൂക്ഷമായ വിമർശനവുമായി രംഗത്ത്. തലപാടി ടോൾ പ്ലാസയിൽ നിന്ന് 20 കിലോമീറ്റർ മാത്രം ദൂരത്തിൽ പുതിയ ടോൾ ഗേറ്റ് സ്ഥാപിക്കുന്നത് ദേശീയ പാതാ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) യുടെ 60 കിലോമീറ്റർ ദൂരനിയമം ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി, ഇന്നലെ (2025 മെയ് 5) ആക്ഷൻ കമ്മിറ്റി നടത്തിയ നൈറ്റ് മാർച്ചിനെ സമിതി വിമർശിച്ചു.

ഷിറിയ ഗ്രാമ വികസന സമിതി ചെയർമാൻ  അബ്ബാസ് ഓണന്ത, ആക്ഷൻ കമ്മിറ്റിയുടെ പ്രതിഷേധത്തിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്തു. “ദേശീയ പാത നിർമാണവുമായി ഗ്രാമങ്ങൾ ഒറ്റപ്പെട്ടപ്പോൾ, ആംബുലൻസ്, ഫയർ ഫോഴ്സ് തുടങ്ങിയ അടിയന്തര വാഹനങ്ങൾക്ക് പ്രവേശനം നിഷേധിക്കപ്പെട്ടപ്പോൾ, ഈ ജനപ്രതിനിധികളോ രാഷ്ട്രീയ നേതാക്കളോ ഒരു ശബ്ദവും ഉയർത്തിയില്ല. അന്ന് ഗ്രാമവാസികൾക്കൊപ്പം നിന്നില്ല. ഇപ്പോൾ നിയമപരമായി 60 കിലോമീറ്റർ ദൂരനിയമം ലംഘിക്കപ്പെടുന്നതിനാൽ ടോൾ ഗേറ്റ് നിർത്തലാക്കാൻ കോടതിവഴി സാധിക്കുമ്പോൾ, എന്തിനാണ് ഈ സമരം?” അദ്ദേഹം ചോദിച്ചു.

ടോൾ ഗേറ്റ് വിഷയം നിയമപരമായി നേരിടാൻ കഴിയുമെന്ന് സമിതി വ്യക്തമാക്കി. “60 കിലോമീറ്റർ ദൂരനിയമം ലംഘിച്ചാണ് കുമ്പളയിൽ ടോൾ ഗേറ്റ് നിർമിക്കുന്നത്. ഇത് NHAI-ന്റെ 2008-ലെ ഫീ നിയമങ്ങൾക്ക് വിരുദ്ധമാണ്. കോടതിവഴി ഇത് തടയാൻ സാധിക്കും. എന്നിട്ടും ആക്ഷൻ കമ്മിറ്റി സമരം നടത്തുന്നതിന് പിന്നിൽ നിഗൂഢലക്ഷ്യങ്ങൾ ഉണ്ടെന്ന് സംശയിക്കുന്നു,” ചെയർമാൻ ആരോപിച്ചു.

ഗ്രാമങ്ങളുടെ യഥാർഥ പ്രശ്നങ്ങൾ
ദേശീയ പാത നിർമാണത്തോടെ ഷിറിയ കുമ്പള കടവത്ത് ഉൾപ്പെടെയുള്ള ഗ്രാമങ്ങൾ ഒറ്റപ്പെട്ടതും അടിയന്തര സേവനങ്ങൾക്ക് തടസ്സം നേരിടുന്നതും പരിഹരിക്കപ്പെടാതെ തുടരുകയാണെന്ന് സമിതി ചൂണ്ടിക്കാട്ടി. “റോഡ് മുറിച്ചുകടക്കാൻ പോലും കഴിയാത്തവിധം ഗ്രാമവാസികൾ ദുരിതത്തിലാണ്. ആംബുലൻസിനും ഫയർ ഫോഴ്സിനും വരാൻ വഴിയില്ല. ആദ്യം ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ ആക്ഷൻ കമ്മിറ്റിയും ജനപ്രതിനിധികളും മുൻകൈയെടുക്കണം. ,” സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.

ജനങ്ങളുടെ യഥാർഥ പ്രശ്നങ്ങൾ അവഗണിച്ച് രാഷ്ട്രീയ നേട്ടത്തിനായി സമരം നടത്തുന്നവർക്കെതിരെ ഗ്രാമവാസികൾ ജാഗ്രത പാലിക്കണം.  നിയമപരമായ വഴിയിലൂടെ ടോൾ ഗേറ്റ് തടയുകയും ഗ്രാമങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്യണം,” സമിതി പ്രസ്താവനയിൽ വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!